
തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ ആറുവയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ തുടരന്വേഷണം വേണമെന്നുള്ള എ ഡി ജി പിയുടെ നിര്‍ദേശത്തില്‍ എതിർപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി എതിർപ്പറിയിച്ചത് ഡി ജി പിയുമായി നടന്ന കൂടിക്കാഴ്ച്ചയിലാണ്.(Oyoor Abduction Case)
കേസിൽ തുടരന്വേഷണം നടത്താൻ കൊല്ലം എസ് പി തീരുമാനിച്ചത് എ ഡി ജി പി എം ആർ അജിത് കുമാറിൻ്റെ നിർദേശാനുസരണം ആയിരുന്നു. കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത് ചാത്തന്നൂര്‍ സ്വദേശി പദ്‌മകുമാർ, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെയാണ്. എന്നാൽ, ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോകാൻ നാലാമതായി ഒരാൾ കൂടി ഉണ്ടായിരുന്നുവെന്ന് കുട്ടിയുടെ സഹോദരൻ പറഞ്ഞതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഇക്കാര്യത്തിലെ വസ്തുതയറിയാനാണ് തുടരന്വേഷണത്തിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.