
ലഖ്‌നൗ: വിവാഹം കഴിഞ്ഞ് രണ്ടാം നാൾ നവവധു പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. ഫെബ്രുവരി 24-ന് വിവാഹിതയായ യുവതിക്കാണ് 26-ാം തീയതി കുഞ്ഞ് ജനിക്കുന്നത്. അതേസമയം, കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലി നവവരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും പരസ്പരം ആരോപണങ്ങളുമായി രംഗത്തുവന്നു.ഫെബ്രുവരി 24-ാം തീയതി ഇരുവരും വിവാഹിതരാകുകയും , തുടർന്ന് ഫെബ്രുവരി 26-ന് വൈകീട്ടോടെ തനിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി നവവധു പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് യുവതി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഇതോടെ നവവരനും വീട്ടുകാരും ഞെട്ടിപ്പോയി. പിന്നാലെ രണ്ടുമണിക്കൂറിനുള്ളില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുകയുംചെയ്തു.
അതേസമയം, സംഭവത്തില്‍ അന്വേഷണം വേണമെന്നും വധുവും വീട്ടുകാരും തന്നെ വഞ്ചിച്ചെന്നുമാണ് വരന്റെ പരാതി. വിവാഹദിവസം വയറിനുമുകളില്‍ വരെയുള്ള ലെഹങ്കയാണ് വധു ധരിച്ചിരുന്നതെന്നും അതിനാല്‍ ഇതൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വരന്റെ കുടുംബം ആരോപിക്കുന്നു. എന്നാൽ വിവാഹത്തിന് മുന്‍പ് വധുവും വരനും തമ്മില്‍ ശാരീരികബന്ധമുണ്ടായിരുന്നതായാണ് വധുവിന്റെ വീട്ടുകാരുടെ ആരോപണം. ഭാര്യയെ ഇനി തനിക്ക് വേണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും വരനും ആവശ്യപ്പെട്ടു.