
വർക്കല: ലഹരി ഉപയോഗവും പരസ്യ മദ്യപാനവും പൊലീസിൽ അറിയിച്ച ഗൃഹനാഥനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. ക്രിസ്മസ് രാത്രി 8.30 ഓടെ വെട്ടൂർ കേന്ദ്ര ജമാഅത്ത് പള്ളിക്ക് സമീപമാണ് സംഭവം(Man killed by Drug Users) വെട്ടൂർ ചരുവിള വീട്ടിൽ ഷാജഹാൻ (65) ആണ് കൊല്ലപ്പെട്ടത്. വെട്ടൂർ അടമ്പുവിള വീട്ടിൽ ആഷിറിനെ (38) സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
ദിവസങ്ങൾക്ക് മുമ്പ്, ജമാഅത്ത് ഭാരവാഹികൾ ചേർന്ന് പള്ളി പരിസരത്തെ യുവാക്കളുടെ മദ്യപാനത്തെകുറിച്ച് ചർച്ച ചെയ്യുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കൂടാതെ യുവാക്കൾ പള്ളിക്ക് സമീപം സ്വകാര്യ വസ്തുവിൽ ഷെഡ് കെട്ടി മദ്യവും മയക്കുമരുന്നും അടക്കമുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് കണ്ട ഷാജഹാൻ വിവരം വർക്കല പൊലീസിൽ അറിയിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ സംഘം, രാത്രി നമസ്കാരം കഴിഞ്ഞ് സുഹൃത്തും അയൽവാസിയുമായ റഹ്മാൻ്റെ സ്കൂട്ടിയിൽ വീട്ടിലേക്ക് പോകുകയായിരുന്ന ഷാജഹാനെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.
സംഭവ ദിവസം രാത്രി തന്നെ അഞ്ചാം പ്രതി ആഷിറിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതി ഇയാളെ റിമാൻഡ് ചെയ്തു. കൂട്ടുപ്രതികളും വെട്ടൂർ സ്വദേശികളുമായ ജാസിം, ഹായിസ്, നൂഹ്, സൈയ്ദലി എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ സംഭവ സ്ഥലം സന്ദർശിച്ചു. വടിവാളിന്റെ പിടിഭാഗം കൊണ്ടും ഇരുമ്പ് കമ്പി കൊണ്ടും ഷാജഹാന്റെ തലയ്ക്ക് അടിച്ചതായും റഹ്മാന്റെ ഇടത് കൈ അടിച്ചൊടിച്ചതായും പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം വെട്ടൂർ കേന്ദ്ര ജമാഅത്ത് പള്ളിയിൽ ഖബറടക്കി. ഭാര്യ: ജുമൈല. മക്കൾ: നാദർഷാൻ, നാദർഖാൻ, ഷാനിഫ. മരുമക്കൾ: അബു, ഷഹന, സാജിറ.
മൃതദേഹവുമായി സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച ബന്ധുക്കൾ, പരാതി നൽകിയിട്ടും പോലീസ് വേണ്ടവിധത്തിൽ ഇടപെടൽ നടത്തിയില്ലെന്ന് ആരോപിച്ചു. പ്രദേശത്ത് മയക്കുമരുന്ന് ഉപയോഗം രൂക്ഷമാണെന്നും പൊലീസിൻ്റെയും എക്സൈസിൻ്റെയും അടിയന്തര ശ്രദ്ധ വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.