
കാസര്‍കോട്: ട്രെയിനില്‍ രണ്ടരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയയാൾ അറസ്റ്റിൽ. മംഗളൂരുവിൽ നിന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീണ്ടും നാടിനെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകളാണ് കടന്നു പോയത്. ഇതിനിടയിൽ കുട്ടിയെ കാസര്‍കോട് നിന്ന് കണ്ടെത്തുകയായിരുന്നു.
മലയാളിയായ അനീഷ് കുമാറാണ് അറസ്റ്റിലായത്. 49കാരനായ ഇയാൾ എറണാകുളം പറവൂർ സ്വദേശിയാണ്. കുട്ടിയെ കണ്ടെത്തിയത് ശനിയാഴ്ച രാത്രി 7.30ന് നാഗര്‍കോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്സ്‌പ്രസിലെ ജനറല്‍ കംപാര്‍ട്ട്മെൻ്റിൽ നിന്നായിരുന്നു. മറ്റു യാത്രക്കാർ കുട്ടിയെ പ്രതിക്കൊപ്പം സംശയാസ്പദമായ രീതിയിൽ കണ്ടതിനാൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
മുംബൈയിൽ നിന്ന് മടങ്ങുകയായിരുന്നു ഇയാൾ. കുട്ടി തൻ്റെ കയ്യിൽ പിടിച്ചെന്നും, തനിക്ക് പെൺകുട്ടിയില്ലാത്തതിനാൽ കൂടെക്കൂട്ടിയെന്നുമാണ് അനീഷ് കുമാർ പൊലീസിന് നൽകിയ മൊഴി.
ഇതിനിടയിൽ പൊലീസിന് മംഗലൂരു കങ്കനാടിയില്‍ താമസിക്കുന്ന ന്യൂഡല്‍ഹി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ കാണാനില്ലെന്ന പരാതി കിട്ടിയിരുന്നു. തുടർന്ന് കുഞ്ഞിൻ്റെ ചിത്രം മാതാപിതാക്കൾ തിരിച്ചറിയുകയും, കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെത്തിയ ഇവർക്ക് വൈദ്യപരിശോധനയ്ക്ക് ശേഷം കുട്ടിയെ കൈമാറുകയുമായിരുന്നു.