മാൾഡ: വോട്ടർപട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റിയെന്നാരോപിച്ച് മാൾഡയിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ മോതാബാരി മണ്ഡലത്തിലെ ഐഎസ്എഫ് സ്ഥാനാർത്ഥി ഷാജഹാൻ അലി ഖാദ്രി ഉൾപ്പെടെ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.(Malda riots, 18 people including ISF candidate arrested)
അക്രമവുമായി ബന്ധപ്പെട്ട് നാല് കേസുകൾ രജിസ്റ്റർ ചെയ്തതായും കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മാൾഡ എസ്പി അനുപം സിംഗ് അറിയിച്ചു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും പ്രതിഷേധം നടന്ന സ്ഥലത്ത് താൻ ഉണ്ടായിരുന്നില്ലെന്നുമാണ് ഷാജഹാൻ അലി ഖാദ്രി കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് പറഞ്ഞത്.
ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിൽ വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിംഗ് നടക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മതിയായ രേഖകൾ നൽകിയിട്ടും വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തു എന്നാരോപിച്ച് നൂറുകണക്കിന് ആളുകൾ ബിഡിഒ ഓഫീസ് വളഞ്ഞു. മൂന്ന് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഏകദേശം ഒമ്പത് മണിക്കൂറോളം പ്രതിഷേധക്കാർ ഓഫീസിനുള്ളിൽ തടഞ്ഞുവെച്ചു.

