
പട്ന: വനിതാ മാനേജരെ ബാങ്കിനുള്ളിൽ വെച്ച് ഭീഷണിപ്പെടുത്തുകയും മൊബൈൽ തറയിലെറിഞ്ഞ് പൊട്ടിക്കുകയും ചെയ്ത കോൺട്രാക്ടറെ അറസ്റ്റ് ചെയ്തു. രാകേഷ് കുമാർ സിങ് എന്നയാളെയാണ് പിടികൂടിയത്. സിബിൽ സ്കോറിന്‍റെ പേരിൽ വായ്പയ്ക്കായുള്ള അപേക്ഷ നിരസിക്കപ്പെട്ടതിൽ കോണ്‍ട്രാക്ടർ പ്രകോപിതനാവുകയായിരുന്നു. സിബിൽ സ്കോർ കുറവായതിനാൽ ബാങ്ക് വായ്പ അനുവദിച്ചില്ല എന്ന കാരണത്താലാണ് രാകേഷ് ബാങ്കിൽ സംഘർഷാന്തരീക്ഷമുണ്ടാക്കിയത്. (threaten)
പട്‌നയിലെ ഗാന്ധി മൈതാൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാനറ ബാങ്ക് ശാഖയിലാണ് സംഭവം നടന്നത്. അപേക്ഷ നിരസിക്കപ്പെട്ടതിൽ രാകേഷ് മാനേജർ വന്ദന വർമ്മയ്‌ക്കെതിരെ ആക്രോശവുമായി എത്തുകയായിരുന്നു. ബാങ്ക് മാനേജർ ഇതിന്‍റെ വീഡിയോ ചിത്രീകരിക്കുന്നതു കണ്ട് രാകേഷ് ഫോണ്‍ പിടിച്ചുവാങ്ങി തറയിൽ എറിഞ്ഞു.
തന്‍റെ സിബിൽ സ്കോർ ശരിയാക്കാനും ലോൺ അനുവദിക്കാനും ആവശ്യപ്പെട്ട് കോണ്‍ട്രാക്ടർ മാനേജരോട് കയർത്തു. സിബിൽ സ്കോർ ശരിയാക്കാൻ ബാങ്കിന് കഴിയില്ലെന്ന് മാനേജർ പറഞ്ഞതോടെ കോണ്‍ട്രാക്ടർ കൂടുതൽ അക്രമാസക്തനായി. വീഡിയോ എടുത്തുകൊണ്ടിരുന്ന മാനേജരുടെ ഫോണ്‍ തട്ടിപ്പറിച്ച് തറയിലെറിയുകയും ചെയ്തു. പിന്നാലെ മാനേജർ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.