
ഇൻഡോർ: ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഒരാളും രണ്ട് കൂട്ടാളികളും മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ച അറസ്റ്റിലായതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു(Lawrence Bishnoi). രാജസ്ഥാൻ സ്വദേശികളായ ഭൂപേന്ദ്ര സിംഗ് റാവത്ത്, ആദേശ് ചൗധരി, ദീപക് സിംഗ് റാവത്ത് എന്നിവരെ ലസുദിയ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയതായും ഇവരിൽ നിന്ന് മൂന്ന് പിസ്റ്റളുകളും ആറ് ബുള്ളറ്റുകളും കണ്ടെടുത്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) അഭിനയ് വിശ്വകർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ അംഗമാണ് ഭൂപേന്ദ്ര സിങ് റാവത്ത്. 2017ൽ കറുപ്പ് കേസിൽ പഞ്ചാബിലെ ഫരീദ്കോട്ട് ജയിലിൽ കഴിയുമ്പോഴാണ് ബിഷ്‌ണോയിയെ പരിചയപ്പെടുന്നത്. ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള ഇയാൾ കൊള്ളയടിക്കലും മറ്റ് കുറ്റകൃത്യങ്ങളും നടത്തിവരികയായിരുന്നു," ഡിസിപി പറഞ്ഞു.