
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ നിയമ വിദ്യാർഥിനിയെ കാമുകൻ ഉൾപ്പെടെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു (gang rape). കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നവംബർ 18ന് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായും പിതാവ് രക്ഷപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. 2024 ആഗസ്റ്റിലാണ് സംഭവം നടന്നത്.
പ്രതികൾ പെൺകുട്ടിയുടെ കാമുകൻ വംശിയും അയാളുടെ മൂന്ന് സുഹൃത്തുക്കളുമാണെന്ന് തിരിച്ചറിഞ്ഞു. വംശിയും പെൺകുട്ടിയും തമ്മിൽ ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
2024 ആഗസ്റ്റ് 13ന് മുഖ്യപ്രതി വിദ്യാർഥിനിയെ വിശാഖപട്ടണത്തെ സുഹൃത്തിന്‍റെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യ വിഡിയോ പുറത്തുവിടുമെന്ന് വംശിയും മറ്റ് പ്രതികളും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. പീഡനവിവരം വീട്ടുകാരുമായി പങ്കുവെച്ചതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ചൊവ്വാഴ്ചയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.