
കുമളി: ടൗണിലെ ബസ്സ്റ്റാൻഡിൽ വാക്തർക്കത്തിനിടെ യുവാവ് അയൽവാസിയെ കുത്തി പരിക്കേൽപിച്ചു. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം നടന്നത്. കഴുത്തിനും നെഞ്ചിനും കൈക്കും പരിക്കേറ്റ ചെങ്കര സ്വദേശി പുതുക്കാട്ടിൽ സുനിലിനെ (52) തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചെങ്കരയിൽ താമസക്കാരനായ തമിഴ്നാട് കമ്പം ചിലപ്പതികാര തെരുവ് സ്വദേശി മഹേശ്വരനെ (33)യാണ് കുമളി പൊലീസ് അറസ്റ്റ് ചെയ്തത്. (Stabbing case)
മഹേശ്വരന്റെ ഭാര്യയും സുനിലും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇതേച്ചൊല്ലി മുമ്പും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിട്ടുണ്ട്. നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. കുമളിയിലെ താൽക്കാലിക ചിപ്സ് വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയാണ് മഹേശ്വരൻ.