
ലഖ്നോ: ഉത്തർപ്രദേശിലെ ഫത്തേഹ്പുരിൽ മാധ്യമപ്രവർത്തകൻ കുത്തേറ്റ് മരിച്ചു. എ.എൻ.ഐ ലേഖകനായ ദിലീപ് സെയ്നി(38)യാണ് കൊല്ലപ്പെട്ടത്. ദിലീപ് സെയ്നിയുടെ സുഹൃത്തായ ബി.ജെ.പി പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തു.
സെയ്നിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഷാഹിദ് ഖാന് പരിക്കേറ്റത്. രാത്രി ഒരുമിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ സെയ്നിക്ക് പെട്ടെന്ന് ഫോൺകോൾ വന്നുവെന്ന് ഷാഹിദ് പറഞ്ഞു. പെട്ടെന്ന് അക്രമികൾ അകത്തേക്ക് കയറി സെയ്നിയെ കുത്തുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ എനിക്കും കുത്തേറ്റു. അക്രമികൾ വെടിയുതിർക്കുകയും ചെയ്തു.-ഷാഹിദ് പറഞ്ഞു.
ബി.ജെ.പിയുടെ ന്യൂനപക്ഷ വിഭാഗം നേതാവാണ് ഷാഹിദ് ഖാൻ. അക്രമികളെ സെയ്നിക്ക് മുൻപരിചയമുണ്ടെന്നും അവരുമായുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.