
പലതരം കള്ളന്മാരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ, വളരെ രസകരമായ ഒരു വാർത്തയാണ് ഇറ്റലിയുടെ തലസ്ഥാനമായ റോമിലുണ്ടായിരിക്കുന്നത്. ഇത് വായനയുടെ വിലയറിയുന്ന ഒരു കള്ളനാണ്. മോഷ്ടിക്കാനായി കയറിയ ഇയാൾ അവിടെ പുസ്തകം വായിച്ചിരുന്നു പോവുകയായിരുന്നു. മതിമറന്നു വായിച്ചിരിക്കുന്നതിനിടയിൽ തന്നെ പിടിയിലാവുകയും ചെയ്തു.
38കാരനായ ഈ കളളൻ പിടിയിലാകുമ്പോൾ ഇയാൾ ഗ്രീക്ക് മിത്തോളജിയുമായി ബന്ധപ്പെട്ട പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. കള്ളൻ വായനയിലാണെന്ന് മനസിലാക്കുന്നത് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന 71-കാരനായ വീട്ടുടമയാണ്.
സ്ഥലകാല ബോധം വീണ കള്ളൻ ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ഒരു ശ്രമം നടത്തിയെങ്കിലും പിടിയിലായി. എന്നാൽ, മോഷ്ടിക്കാൻ കയറിയതല്ല, ഒരുന പരിചയക്കാരനെ കാണാൻ കയറിയതാണ് താനെന്നാണ് കള്ളൻ പറഞ്ഞത്. കൂടാതെ, താനെത്തിയപ്പോൾ ഇതൊരു ബി ആൻഡ് ബി(ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ്) സംവിധാനം പോലെ തോന്നിയെന്നും, പുസ്തകം കണ്ടപ്പോൾ അതെടുത്ത് വായിച്ചുവെന്നും അയാൾ പറഞ്ഞു. എന്നാൽ, ഇയാളുടെ ബാഗിൽ നിന്നും വിലപിടിപ്പുള്ള വസ്ത്രങ്ങൾ കണ്ടെടുക്കുകയായിരുന്നു.
കള്ളൻ വായിച്ചത് ഇറ്റാലിയന്‍ എഴുത്തുകാരൻ ജിയോവന്നി നുച്ചിയുടെ 'ദി ഗോഡ്‌സ് അറ്റ് സിക്‌സ് ഒ ക്ലോക്ക്' എന്ന പുസ്തകമാണ് എന്നാണ് റിപ്പോർട്ട്. സംഭവത്തോട് പ്രതികരിച്ച എഴുത്തുകാരൻ, യുവാവിന് പുസ്തകത്തിൻ്റെ ഒരു കോപ്പി നൽകാനുള്ള തൻ്റെ ആഗ്രഹം പ്രകടിപ്പിച്ചു.