
കൊട്ടിയം: കൊല്ലത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഭർത്താവ് തീകൊളുത്തിക്കൊന്ന സംഭവത്തിലേക്ക് നയിച്ചത് സംശയരോഗമെന്ന് എഫ്ഐആർ. ഭാര്യ സഞ്ചരിച്ചിരുന്ന കാറിൽ പത്മരാജൻ പെട്രോൾ ഒഴിച്ച് കത്തിച്ചത് ഭാര്യയെയും ഭാര്യയുടെ ബിസിനസ് പങ്കാളിയെയും വകവരുത്തുകയെന്ന ഉദ്ദേശത്തോടുകൂടിയായിരുന്നുവെന്നു പോലീസ് പറയുന്നു. (kollam murder)
ഇന്നലെ രാത്രിയാണ് കൊട്ടിയം തഴുത്തല സ്വദേശി അനില(44) പൊള്ളലേറ്റ് മരിച്ചത്. അനിലയുടെ ഭർത്താവ് പത്മരാജനെ(60) കൊല്ലം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
കാറിൽ അനിലയുടെ ബിസിനസ് പങ്കാളിയായ യുവാവ് ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് പെട്രോൾ ഒഴിച്ച് കാർ കത്തിച്ചത്. എന്നാൽ പത്മരാജൻ ലക്ഷ്യം വച്ച യുവാവ് മറ്റൊരു കാറിൽ ഈ കാറിന് പിന്നാലെ വരികയായിരുന്നു. അനിലയ്ക്കൊപ്പം കാറിലുണ്ടായിരുന്ന അനിലയുടെ കടയിലെ ജീവനക്കാരൻ കൊട്ടിയം പുല്ലിച്ചിറ സ്വദേശി സോണിക്കാണ് പൊള്ളലേറ്റത്.
അടുത്തിടെയാണ്അനില കൊല്ലത്തെ ഒരു സ്വകാര്യാശുപത്രിയ്ക്ക്സമീപം ബേക്കറി തുടങ്ങിയത്. ഭർത്താവ് പത്മരാജൻ സാമ്പത്തികമായി സഹായിച്ചിരുന്നു. അനില മറ്റൊരു യുവാവിനെ ബിസിനസ് പങ്കാളിയാക്കുകയും അയാളിൽനിന്നു പണം സ്വീകരിക്കുകയും ചെയ്തിരുന്നു. അയാൾ കടയിലെ നിത്യസന്ദർശകനായത് പത്മരാജൻ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതു സംബന്ധിച്ച് പത്മരാജനും യുവാവുമായി കടയിൽ വച്ച് വാക്ക് തർക്കം ഉണ്ടാവുകയും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു. പത്മരാജന്റെ കാലിന് അന്ന് പരിക്കേല്ക്കുകയും ഉണ്ടായി. പിന്നീട് ഗ്രാമപഞ്ചായത്തംഗവും പൊതുപ്രവർത്തകനുമായ ആർ. സാജൻ ഈ വിഷയത്തിൽ മധ്യസ്ഥത വഹിക്കുകയും യുവാവ് ബിസിനസിൽ മുടക്കിയ ഒന്നരലക്ഷം രൂപ തിരിച്ചു നൽകിയാൽ പിരിഞ്ഞു പോകാമെന്നു ധാരണയാവുകയും ചെയ്തി രുന്നു. ഈ മാസം പത്തിന് പണം കൊടുക്കാമെന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് തീരുമാനമായത്. പിന്നീട് മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് ഈ സംഭവം നടന്നത്.