
പ്രയാഗ്‌രാജ്: വിദേശത്തേക്ക് കടത്തുന്നതിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട് കൗമാരക്കാരി(Human trafficking). പ്രയാഗ്‌രാജ് സ്വദേശിയായ പെൺകുട്ടിയാണ് മനുഷ്യക്കടത്ത് സംഘത്തിൽ നിന്നും രക്ഷപെട്ടത്. തന്നെ ജോലി വാഗ്ദാനം ചെയ്ത് പരിചയക്കാരിൽ ഒരാൾ കേരളത്തിലേക്ക് കൊണ്ടുപോയതായും അവിടെ നിന്ന് വിദേശത്തേക്ക് കടത്താനായിരുന്നു പദ്ധതിയെന്നും പെൺകുട്ടി വെളിപ്പെടുത്തി. കേരളത്തിൽ എത്തിച്ച തനിക്ക് സംഘത്തിലുള്ളവർ പരിശീലനം നൽകിയിരുന്നതായും മറ്റ് പെൺകുട്ടികളോടൊപ്പം ഒരു ചെറിയ മുറിയിൽ തടവിൽ പാർപ്പിച്ചിരുന്നതായും പെൺകുട്ടി പറഞ്ഞു.
ചെറിയ കുറ്റകൃത്യങ്ങൾക്ക് പോലും സംഘത്തിലുള്ളവർ തങ്ങൾക്ക് ശിക്ഷകൾ നൽകി. പരസ്പരമുള്ള ആശയവിനിമയം നിരോധിച്ചു. വിദേശത്തേക്ക് വർക്ക് വിസയിൽ അയയ്ക്കാൻ പോകുന്നുണ്ടെന്നുള്ള ചർച്ചകൾ കേട്ടതോടെ സംഘത്തിലുള്ളവരുടെ കണ്ണുവെട്ടിച്ച് പെൺകുട്ടി മൊബൈൽ ഫോൺ വഴി മാതാപിതാക്കളെ വിവരമറിയയ്ക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കളാണ് അധികാരികളെ വിവരം ധരിപ്പിച്ച് പെൺകുട്ടികളെ രക്ഷപെടുത്തിയത്.