

ഗുരുവായൂർ: റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ആഭരണ മോഷണ പരമ്പര നടത്തിയയാൾ അറസ്റ്റിൽ. താനൂർ സ്വദേശി രാമനാട്ടുകരയിൽ താമസിക്കുന്ന മൂർക്കാടൻ പ്രദീപിനെയാണ് (45) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് മോഷണ പരമ്പരയുടെ തുടക്കം. (theft)
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം ഓച്ചിറ സ്വദേശിനി രത്നമ്മയുടെ (63) രണ്ടര പവന് വരുന്ന മാല റെയിൽവേ സ്റ്റേഷനില്‍ വെച്ച് പൊട്ടിച്ചെടുത്തു. അന്നുതന്നെ സ്റ്റേഷന് കിഴക്ക് താമസിക്കുന്ന കൈപ്പട ഉഷയുടെ രണ്ടുപവന്റെ മാലയും പൊട്ടിച്ചു. കുറച്ച് ദിവസത്തിന് ശേഷം തിരുവെങ്കിടത്തുള്ള സച്ചിദാനന്ദന്റെ വീടിന്റെ ഓടിളക്കി അകത്തുകയറിയെങ്കിലും ഒന്നും മോഷ്ടിക്കാനായില്ല. അന്നുതന്നെ കൊല്ലം സ്വദേശിനി സീതാലക്ഷ്മിയുടെ (62) ഒന്നേമുക്കാല്‍ പവന്റെ മാല പൊട്ടിച്ചു.
മോഷണശേഷം രാമനാട്ടുകരയിലെ താമസ സ്ഥലത്തേക്ക് തിരിച്ചു പോവുകയാണ് ഇയാളുടെ രീതി. ആഭരണങ്ങള്‍ കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലാണ് വില്പന നടത്തിയിട്ടുള്ളതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മോഷണ മുതല്‍ വില്പക്കാന് സഹായിച്ച ആളെകുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 15 ലേറെ കേസുകളിൽ പ്രതിയാണ് പ്രദീപെന്ന് പൊലീസ് പറഞ്ഞു.