
കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ കൊട്ടാരം റോഡിലെ 'സിതാര' വീട്ടിൽനിന്ന് 26 പവൻ സ്വർണത്തിന്റെയടക്കം ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതികളുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ തെളിവെടുപ്പിനിടെ ഭാഗികമായി പൊലീസ് കണ്ടെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിറ്റഴിച്ച സ്വര്‍ണാഭരണങ്ങളുടെ ചില ഭാഗങ്ങളാണ് കമ്മത്ത് ലെയ്‌നിലെ മൂന്ന് കടകളിൽനിന്ന് കിട്ടിയത്. പ്രതികളായ വീട്ടുജോലിക്കാരി കരുവിശേരി ശാന്ത, ബന്ധു വട്ടോളി കുറിഞ്ഞിപ്പൊയില്‍ പ്രകാശന്‍ എന്നിവര്‍ ആഭരണങ്ങള്‍ വിൽക്കുകയായിരുന്നുവെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വിറ്റ ആഭരണങ്ങളിലധികവും ഉരുക്കി സ്വര്‍ണമാക്കി മാറ്റിയിരുന്നു.
രണ്ടു ദിവസത്തേക്കാണ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതികളെ നാലാം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയതിനെ തുടർന്ന് വീണ്ടും റിമാന്‍ഡ് ചെയ്തു. വീണ്ടും തെളിവെടുപ്പ് ആവശ്യമെങ്കില്‍ കോടതിയില്‍ അപേക്ഷ നല്‍കാനാണ് പൊലീസ് തീരുമാനം.
അലമാരയിൽ ലോക്കറില്‍ വെച്ച 26 പവന്‍ സ്വര്‍ണാഭരണങ്ങള്‍, ഡയമണ്ട് പതിപ്പിച്ച കമ്മല്‍, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. നാലു കൊല്ലത്തിനിടെ പല ദിവസങ്ങളിലായി അലമാരയില്‍നിന്ന് ശാന്ത ആഭരണങ്ങള്‍ മോഷ്ടിച്ച് പ്രകാശന്റെ സഹായത്തോടെ വിറ്റുവെന്നാണ് കേസ്.