
വർക്കല: ആംബുലൻസ് ഡ്രൈവറെ കുത്തിയ നാല് യുവാക്കൾ അറസ്റ്റിൽ. കീഴാറ്റിങ്ങൽ പെരുംകുളം സബീൽ മൻസിലിൽ മുഹമ്മദ് സബീൽ (24), മണനാക്ക് വാറുവിളവീട്ടിൽ ഷിനാസ് (26), കായിക്കര തൈക്കൂട്ടം വീട്ടിൽ നന്ദു എന്ന മിഥുൻ (26), മണനാക്ക് കാണവിളവീട്ടിൽ അമൽ (26)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ചെറുന്നിയൂരിന് സമീപം താന്നിമൂട്ടിലെ ഒളിത്താവളത്തിൽ നിന്നാണ് വർക്കല പോലീസ് ഇൻസ്പെക്ടർ ജെ.എസ്. പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്.
ഇക്കഴിഞ്ഞ 27ന് രാത്രി പത്തരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെയും കൊണ്ടാണ് യുവാക്കൾ വർക്കല താലൂക്ക് ആശുപത്രിയിലെത്തിയത്.
ഫാർമസിക്ക് മുന്നിൽെവച്ച് ആംബുലൻസ് ഡ്രൈവറായ രഘുനാഥപുരം നസു ഹൗസിൽ അജ്മലുമായി ഇവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ യുവാക്കൾ അക്രമാസക്തരാവുകയും മിഥുൻ കൈവശം കരുതിയിരുന്ന കത്തികൊണ്ട് അജ്മലിന്റെ നെഞ്ചിന് നേർക്ക് കുത്താനൊരുങ്ങവേ ഒഴിഞ്ഞുമാറിയതിനെത്തുടർന്ന് മുതുകിൽ കുത്തേൽക്കുകയായിരുന്നു. അജ്മലിന്റെ സഹപ്രവർത്തകരായ ഉമേഷിനും ഷജീറിനും ആക്രമണത്തിൽ പരിക്കേറ്റു. തുടർന്ന് നാൽവർസംഘം സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.