

ഇടുക്കി: അച്ഛനും മകനും തമ്മിൽ നടന്ന സംഘർഷത്തിനിടെ തലയ്ക്കടിയേറ്റ് മകൻ മരിച്ചു. രാമക്കല്‍മേട് ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്. പിതാവ് രവീന്ദ്രന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിതമായി മദ്യപിച്ചു വീട്ടില്‍ വന്ന ഗംഗാധരന്‍ പിതാവ് രവീന്ദ്രനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ രവീന്ദ്രന്‍ വടി കൊണ്ട് മകനെ മര്‍ദിച്ചു. ഇതോടെ ഇയാളുടെ തലയില്‍ പരിക്കേൽക്കുകയും ബോധരഹിതനായി വീഴുകയുമായിരുന്നു.
തുടര്‍ന്ന് രവീന്ദ്രന്‍ അയല്‍വാസികളോട് വിവരം പറഞ്ഞു. ഉടനെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. തലയില്‍ ഉണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. സ്ഥിരം മദ്യപാനിയായ ഗംഗാധരന്‍ വീട്ടില്‍ നിന്നും മാറിയാണ് താമസിച്ചിരുന്നത്.