സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻ്റെ പേരില്‍ വ്യാജ സന്ദേശം: കേസെടുത്തു
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ പേരില്‍ വ്യാജ സന്ദേശമയക്കുന്നു. സാമൂഹിക മാധ്യമമായ എക്സിലാണ് അദ്ദേഹത്തിൻ്റെ പേരിൽ വ്യാജ അക്കൗണ്ടിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്.
500 രൂപ കടം ചോദിച്ച് കൊണ്ടുള്ള സന്ദേശമാണ് ഇത്. സംഭവത്തിൽ ചീഫ് ജസ്റ്റിസിൻ്റെ നിര്‍ദേശപ്രകാരം സുപ്രീംകോടതി സൈബര്‍ തട്ടിപ്പ് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
താൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണെന്ന് പരിചയപ്പെടുത്തുന്ന വ്യാജ സന്ദേശത്തിൽ, കൊളീജിയത്തിൻ്റെ അടിയന്തിരയോഗമുണ്ടെന്നും, കോണോട്ട്പ്ലേസിൽ കുടുങ്ങിപ്പോയെന്നും പറയുന്നു. ടാക്സിക്ക് കൊടുക്കാൻ 500 രൂപ ആവശ്യപ്പെടുന്ന വ്യാജ അക്കൗണ്ട്, കോടതിയിൽ എത്തിയാൽ ഉടൻ ഇത് മടക്കിത്തരാമെന്നും പറയുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ ഇതിൻ്റെ സ്ക്രീൻഷോട്ട് പ്രചരിക്കുകയും, സുപ്രീംകോടതി അധികൃതർ സൈബർ ക്രൈം വിഭാഗത്തിന് പരാതി നൽകുകയുമായിരുന്നു.