
താമരശ്ശേരി: കള്ളനോട്ടു കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അധ്യാപകൻ വീണ്ടും ലക്ഷങ്ങളുടെ കള്ളനോട്ടുമായി പിടിയിൽ. നരിക്കുനിയിലെ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കള്ളനോട്ടുകൾ കൈമാറ്റം ചെയ്ത കേസിലെ മുഖ്യപ്രതിയായ അധ്യാപകൻ ഇങ്ങാപ്പുഴ മോളോത്ത് വീട്ടിൽ ഹിഷാം (36) നെയാണ് കോഴിക്കോട് റൂറൽ എസ്.പി പി. നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. വയനാട് ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിശോധനക്കിടയിലാണ് വെള്ളിയാഴ്ച രാവിലെ ഇയാളുടെ വീട്ടിൽനിന്ന് 17,38,000 രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്തത്.
ർണാടകയിലെ ബംഗളൂരുവിലും ഹൊസൂരിലും ഹിഷാം ഫ്ലാറ്റുകൾ വാടകക്കെടുത്ത് പ്രിന്ററുകളും സ്കാനറുകളും മറ്റുമുപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടാണ് നിർമിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്കൂൾ അധ്യാപകനായ ഇയാൾ പെരുമാറ്റ ദൂഷ്യത്തിന് സസ്പെൻഷനിൽ ആയിരിക്കുമ്പോഴാണ് കള്ളനോട്ട് കേസിലെ പ്രതിയാവുന്നത്. പിടിയിലായ ഹിഷാം 80 ദിവസത്തോളം റിമാൻഡിലായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയശേഷം ഇയാൾ വീണ്ടും കള്ളനോട്ട് വിതരണത്തിൽ സജീവമാവുകയായിരുന്നു.