
ബെംഗളുരു: വീട്ടിലെ പൂന്തോട്ടത്തിൽ കഞ്ചാവ് വളർത്തിയ സിക്കിം സ്വദേശികളെ പോലീസ് പിടികൂടി. കെ.സാഗർ ഗുരുംഗും (37) ഭാര്യ ഊർമിള കുമാരി(38) എന്നിവരെയാണ് പോലീസ് പിടികൂടിയത്. (Cannabis plant) ബെംഗളൂരുവിലെ എം.എസ്.ആർ നഗറിലെ വസതിയിൽ ബാൽക്കണിയിൽ അലങ്കാരച്ചെടികൾക്കിടയിലാണ് രണ്ട് ചട്ടികളിലായി കഞ്ചാവ് നട്ടുപിടിപ്പിച്ചിരുന്നത്. 17 ചെടിച്ചട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണത്തിലാണ് കഞ്ചാവ് ചെടികളും കൃഷിചെയ്തിരുന്നത്.
ഊർമിള താൻ വളർത്തുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള വിവിധയിനം ചെടികൾ കാണിച്ച് വിഡിയോകളും ഫോട്ടോകളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാരുടെ ശ്രദ്ധയിൽ കഞ്ചാവ് ചെടികൾ പെട്ടതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് അന്വേഷിച്ചെത്താൻ സാധ്യതയുണ്ടെന്ന് ബന്ധു ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ചെടികൾ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇലകളും മറ്റ് അവശിഷ്ടങ്ങളും ഉൾപ്പെടെ 54 ഗ്രാം പൊലീസ് കണ്ടെത്തുകയായിരുന്നു.