
പത്തനംതിട്ട: വയോധികയുടെ തലയിൽ തുണിയിട്ട് മൂടിയ ശേഷം മാല കവർന്ന സ്ത്രീ പിടിയിൽ. കൊടുമൺ ചന്ദനപ്പള്ളി സ്വദേശി ഉഷ (37)യെയാണ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയത്. (Theft news)
ഞായറാഴ്ച പുലർച്ചെ ഏഴരയ്‌ക്കാണ് സംഭവം നടന്നത്. ചന്ദനപ്പള്ളി പെരുമല വീട്ടിൽ മുൻ അധ്യാപിക മറിയാമ സേവ്യറിൻ്റെ മൂന്നര പവൻ വരുന്ന മാല മോഷ്‌ടിക്കപ്പെട്ടത്. വീടിൻ്റെ അടുക്കള ഭാഗത്ത് എത്തിയശേഷം മറിയാമയെ വിളിച്ച ഉഷ, പുറത്തേക്ക് വന്ന മറിയാമയുടെ തലയിൽ തുണിയിട്ട് മാല പൊട്ടിക്കുകയും ഇതിനിടെ മറിയാമയെ കഴുത്തിന് തള്ളി താഴെയിടുകയുമായിരുന്നു.
പ്രായാധിക്യം കാരണം കാഴ്‌ചയ്‌ക്ക് തകരാറുള്ള വ്യക്തിയാണ് മറിയാമ. മോഷണം നടക്കുമ്പോള്‍ ഭർത്താവ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തുടർന്ന് മറിയാമ്മയുടെ കരച്ചിലും ബഹളവും കേട്ടാണ് സപീപവാസികൾ വിവരം അറിയുന്നത്. കൊടുമൺ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് സംഘം ഉഷയുടെ വീട്ടിലെത്തി മാല കണ്ടെടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്‌തപ്പോൾ ഇവർ കുറ്റം സമ്മതിച്ചു.