
കാൺപൂർ: രാംബാഗ് പ്രദേശത്ത് മോഷണത്തിനിടെ വൃദ്ധയെ കഴുത്തുഞെരിച്ചു കൊന്നു(robbery). ഹർ സഹായ് ജഗദംബ കോളേജിലെ രസതന്ത്ര വിഭാഗം മേധാവിയായിരുന്ന സുനിൽ കുമാർ മിശ്രയുടെ ഭാര്യ പ്രേംലത മിശ്ര(71) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് മാമ്പഴം വാങ്ങാൻ പുറത്തുപോയതിനാൽ വീട്ടിൽ വൃദ്ധ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. ഇദ്ദേഹം രണ്ട് മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോഴാണ് വൃദ്ധയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വൃദ്ധയുടെ മാല, കമ്മലുകൾ, മോതിരങ്ങൾ എന്നിവയും അലമാരകളിൽ നിന്ന് രണ്ട് ലക്ഷം രൂപയും നാല് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പ്രതികൾ കവർന്നു. വിവരമറിഞ്ഞെത്തിയ പോലീസും ഫോറൻസിക് വിദഗ്ധരും കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചു.
പ്രാഥമിക അന്വേഷണത്തിൽ, സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.