
മെയ്ൻപുരി: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച 60കാരിക്ക് ഗോൾഡൻ അവറിൽ സീനിയർ ഡോക്ടറിന്‍റെ വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് പരാതി. ഉത്തർപ്രദേശിലെ മെയ്ൻപുരിയിലാണ് സംഭവം നടന്നത്. ഡ്യൂട്ടി ഡോക്ടർ രോഗിയെ പരിശോധിക്കാത്ത മൊബൈൽ ഫോണിൽ വിഡിയോ കണ്ടിരിക്കുന്ന സി.സിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. (Medical Negligence)
കഴിഞ്ഞ ചൊവ്വാഴ്ച മെയ്ൻപുരി ജില്ല ആശുപത്രിയിലാണ് വലിയ പ്രതിഷേധത്തിന് വഴിവെച്ച സംഭവമുണ്ടായത്. ഹൃദയാഘാതത്തെ തുടർന്ന് അവശനിലയിലാണ് 60കാരിയായ പ്രവേശ് കുമാരിയെ ബന്ധുക്കൾ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. ആ സമയം ഡോ. ആദർശ് സെൻഗാർ ആയിരുന്നു ഡ്യൂട്ടി ഡോക്ടർ. എന്നാൽ, അത്യാസന്ന നിലയിൽ എത്തിയ രോഗിയെ പരിശോധിക്കാതെ മൊബൈൽ ഫോണിൽ വിഡിയോ കണ്ടിരിക്കുകയാണ് ഡ്യൂട്ടി ഡോക്ടർ ചെയ്തത്.
പ്രവേശ് കുമാരി 15 മിനിറ്റോളമാണ് ചികിത്സ ലഭിക്കാതെ കിടന്നത്. ഡ്യൂട്ടി ഡോക്ടറായ ആദർശ് സെൻഗാർ നേരിട്ട് പരിശോധിക്കുന്നതിന് പകരം നഴ്സിനെ ചുമതലപ്പെടുത്തുകയായിരുന്നു. രോഗിയുടെ ബന്ധുക്കൾ ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ഡ്യൂട്ടി ഡോക്ടർ രോഗിയുടെ സമീപത്തെത്താനോ പരിശോധിക്കാനോ തയാറായില്ല. പ്രവേശ് കുമാരിയുടെ നിലവഷളായതിനെ തുടർന്ന് പ്രതിഷേധിച്ച മകന്‍റെ കവിളത്ത് ഡോക്ടർ അടിക്കുകയും ചെയ്‌തു. തുടർന്ന് ഡോക്ടറും രോഗിയുടെ ബന്ധുക്കളും തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായതോടെ അധികൃതർ പൊലീസിനെ വിളിക്കുകയായിരുന്നു. 15 മിനിറ്റുകൾക്ക് അത്യാസന്നനിലായിരുന്ന രോഗി മരിച്ചു. അവശയായ പ്രവേശ് കുമാറിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുന്നതും ഈ സമയത്ത് ഡ്യൂട്ടി ഡോക്ടർ മൊബൈൽ ഫോണിൽ വിഡിയോകളും റീലുകളും കാണുന്നതും സി.സി ടിവി ദൃശ്യത്തിൽ വ്യക്തമാണ്. കൂടാതെ, രോഗിയുടെ മകനെ ഡോക്ടർ തല്ലുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.