
ഗൂഡല്ലൂർ: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലുള്ള മുതുമല കടുവ സങ്കേതത്തിൽ മാൻ കൂട്ടത്തെ ശല്യപ്പെടുത്തിയ വിനോദ സഞ്ചാരികൾക്ക് 15,000 രൂപ പിഴ ചുമത്തി വനംവകുപ്പ്. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽനിന്നുള്ള അബ്ദുല്ല ഖാൻ, അബ്ദുൽ അസീസ്, ഇബ്രാഹിം ഷെയിഖ് എന്നിവർക്കു നേരെയാണ് നടപടി സ്വീകരിച്ചത്. വനത്തിൽ അനധികൃതമായി വാഹനം നിർത്തിയതിനും മൃഗങ്ങളുടെ സ്വൈര്യജീവിതം തടസപ്പെടുത്തിയതിനുമാണ് പിഴ. മുന്നറിപ്പ് ബോർഡുകളിൽ നൽകിയ നിർദേശങ്ങൾ പോലും ഇവർ പാലിച്ചില്ലെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. (Mudumalai Tiger Reserve)
ഇവരിലൊരാൾ മാൻ കൂട്ടത്തിനു നേരെ ഓടുകയും മറ്റൊരാൾ ദൃശ്യം പകർത്തുകയും ചെയ്യുന്നതായുള്ള വിഡിയോ പുറത്തുവന്നിരുന്നു. പിന്നാലെ മാൻകൂട്ടം ചിതറിയോടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതേ വഴിയിൽ കടന്നുപോയ മറ്റൊരാൾ പകർത്തിയ വിഡിയോയാണ് പുറത്തുവന്നത്.