
കൊച്ചി: സംസ്ഥാന വ്യാപകമായി നടത്തിയ പകുതിവില തട്ടിപ്പിലെ മുഖ്യ പ്രതിയായ അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് കോടതിയിൽ പറഞ്ഞ് ക്രൈംബ്രാഞ്ച്. തട്ടിപ്പിലൂടെ ഇയാൾ 20,163 പേരില്‍ നിന്ന് 60,000 രൂപയും, 40,035 പേരില്‍ നിന്ന് 56,000 രൂപയും തട്ടിയിട്ടുണ്ട്.(CSR half price scam )
ഈ ഇനത്തിൽ വിവിധ അക്കൗണ്ടുകൾ വഴി 143.5 കോടി രൂപയാണ് എത്തിയതെന്നും ഇവർ പറഞ്ഞു. അന്വേഷണ സംഘം പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത് പ്രതിയെ 5 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ്. ഇയാളെ മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
അനന്തുവിൻ്റെ കടവന്ത്രയിലെ സോഷ്യല്‍ ബീ വെഞ്ച്വേഴ്‌സ് എന്ന സ്ഥാപനത്തിലെ 11 അക്കൗണ്ടുകളിലൂടെ മാത്രം 548 കോടി രൂപയാണ് എത്തിയിട്ടുള്ളത്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നത്. ഇയാൾക്ക് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷയെ അഭിഭാഷകൻ എതിർത്തു.
മൂവാറ്റുപുഴ പൊലീസ് നേരത്തെ 5 ദിവസം കസ്റ്റഡിയിൽ വച്ച് അന്വേഷിച്ചത് ആണെന്നും, അതിൽ കൂടുതൽ ഒന്നും തനിക്ക് പറയാൻ ഇല്ലെന്നും അനന്തു കോടതിയെ അറിയിച്ചു.