

ഇരിങ്ങാലക്കുട: കോടികളുടെ വായ്പ തരപ്പെടുത്താമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ സ്വദേശി മൂത്തേരി വീട്ടിൽ എണ്ണ ദിനേശൻ എന്ന ദിനേശനെ (54)യാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.
എറണാകുളം തമ്മനം സ്വദേശിയായ മധ്യവയസ്കന് ബിസിനസ് ആവശ്യത്തിനായി ഒരു കോടി രൂപ വായ്പ ശരിയാക്കാമെന്ന് പറഞ്ഞ് പലപ്പോഴായി 3.60 ലക്ഷം രൂപ പ്രൊസസിങ് ചാർജ് ഇനത്തിൽ കൈപ്പറ്റി. ഒരു വർഷം കഴിഞ്ഞിട്ടും വായ്പ ശരിയാക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തില്ല.
പല കാരണങ്ങൾ പറഞ്ഞ് സമയം നീട്ടിയതോടെയാണ് ദിനേശന്റെ തട്ടിപ്പുകഥകൾ പരാതിക്കാരൻ അറിയുന്നത്. ആവശ്യക്കാരെ വിശ്വാസത്തിലെടുക്കാൻ പ്രൗഢിയോടെ ആഡംബര കാറുകളിലാണ് പ്രതി എത്തിയിരുന്നത്. പ്രതി ഇരിങ്ങാലക്കുട സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും വഞ്ചന കേസുകളടക്കം വിവിധ കേസുകളിൽ പ്രതിയുമാണ്. കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം അനുവദിച്ചു.