

ചേർത്തലയിലെ ഡോക്ടർ ദമ്പതിമാർക്ക് ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെ 7.5 കോടി നഷ്ടമായ കേസിൽ പ്രധാന പ്രതികളിലൊരാളായ രാജസ്ഥാൻ പാലി സ്വദേശി പിടിയിലായി. നിർമ്മൽ ജയിനാണ് (22) പോലീസിന്റെ അറസ്റ്റിലായത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എ സുനിൽരാജിന്റ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓൺലൈൻ തട്ടിപ്പ് നടത്തുന്ന ചൈനീസ് കമ്പനിയുമായി നേരിട്ട് ബന്ധമുള്ള ഇന്ത്യയിലെ മുഖ്യകണ്ണികളിലൊരാളാണ് ഈ യുവാവ്.
കേസിലെ മറ്റൊരു പ്രതിയായ ഭഗവാൻ റാമിനെ കഴിഞ്ഞ മാസം പിടിയിലാക്കിയിരുന്നു. ചൈനീസ് കമ്പനിയുമായി ഇയാൾക്കും നേരിട്ട് ബന്ധമുണ്ട്. ഭഗവാന്റെ അറസ്റ്റിന് ശേഷം നിർമ്മൽ ജയിൻ ഫോണുകളെല്ലാം ഉപേക്ഷിച്ച് ഒളിവിലായിരുന്നു. ദിവസങ്ങളോളം രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയ ശേഷമാണ് പാലി ജില്ലയിലെ ജോജാവാർ എന്ന സ്ഥലത്തെ ഒളിസങ്കേതത്തിൽ നിന്ന് ഇയാളെ പിടികൂടിയത്.