ന്യൂഡൽഹി: വിവാദമായ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. അതേസമയം, വിചാരണക്കോടതി വിധിച്ച നഷ്ടപരിഹാരത്തുക ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാട്ടി ചന്ദ്രബോസിന്റെ ഭാര്യ സമർപ്പിച്ച അപേക്ഷയിൽ കോടതി മുഹമ്മദ് നിഷാമിനും സർക്കാരിനും നോട്ടീസ് അയച്ചു.(Chandrabose murder case, Supreme Court postpones consideration of accused’s bail plea)
കൊലക്കേസിൽ ശിക്ഷ വിധിച്ചപ്പോൾ ചന്ദ്രബോസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും ഈ തുക ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്രബോസിന്റെ കുടുംബം സുപ്രീം കോടതിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയത്. ഇക്കാര്യം വിശദമായി പരിശോധിക്കാമെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ശിക്ഷാവിധിക്കെതിരായ നിഷാമിന്റെ അപ്പീലിന്മേൽ ഇടക്കാല ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് നിർദ്ദേശം. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് സർക്കാരിന്റെ വാദം. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ഷൊങ്കർ കോടതിയിൽ ഹാജരായി.

