

തൃശൂർ: പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ച പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. അങ്കമാലി, ആലുവ, പെരുമ്പാവൂർ ഉൾപ്പെടെയുള്ള മേഖലകളിൽ വിപുലമായ പരിശോധനയാണ് പോലീസ് നടത്തുന്നത്. ചാലക്കുടി പോട്ടയിൽ ഫെഡറൽ ബാങ്കിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് 15 ലക്ഷം രൂപ കവർന്നത്. കവർച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പോലീസിന് സിസിടിവിയിൽ നിന്ന് വിവരം ലഭിച്ചിരുന്നു. (Bank robbery)
ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആൾ തന്നെയാണ് മോഷണത്തിന് പിന്നിൽ എന്ന സൂചനയാണ് പോലീസിനുള്ളത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും 15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകൾ മാത്രമാണ് മോഷ്ടാവ് എടുത്തു കൊണ്ടുപോയത്. ഹെൽമെറ്റും ജാക്കറ്റ് ധരിച്ച് മോഷ്ടാവ് ബൈക്കിലാണ് എത്തിയത്. ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത്റൂമിൽ കയറ്റി അടച്ചശേഷം ക്യാഷ് കൗണ്ടർ അടിച്ചു തകർത്താണ് പണം കവർന്നത്.