

കായംകുളം: വിദ്വേഷ പ്രസംഗം നടത്തിയ എസ്.എൻ.ഡി.പി കായംകുളം യൂനിയൻ സെക്രട്ടറിയും ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി. പ്രദീപ് ലാലിനെതിരെ കേസ്. കായംകുളം മുസ്‍ലിം ഐക്യവേദി ചെയർമാന്‍റെ പരാതിയിലാണ് കേസെടുത്തത്. കൂടാതെ, വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി, ജില്ല പൊലീസ് മേധാവി, ഡിവൈ.എസ്.പി, സ്റ്റേഷൻ ഹൗസ് ഓഫിസർ, സ്പെഷൽ ബ്രാഞ്ച് എന്നിവർക്ക് പൊതുപ്രവർത്തകനായ അഡ്വ. മുജീബ് റഹ്മാനും ജില്ല പൊലീസ് മേധാവി, കായംകുളം ഡിവൈ.എസ്.പി, എസ്.എച്ച്.ഒ എന്നിവർക്ക് എസ്.ഡി.പി.ഐയും പരാതി നൽകിയിട്ടുണ്ട്.
''ക്രിമിനലുകളും മതഭ്രാന്തന്മാരുമായ വിഭാഗം ഒറ്റദിവസം കൊണ്ട് നമ്മുടെ വീടുകൾ ചവിട്ടിപ്പൊളിക്കും. ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞു കയറിയവരെ അതിഥി തൊഴിലാളികൾ എന്ന നിലയിൽ സർക്കാർ കുടിയിരുത്തിയിരിക്കുന്നു. ഇവർക്കിടയിൽ മതമൗലികവാദികൾ പ്രവർത്തിക്കുന്നു. നീതിപാലകരിൽ നിന്ന് സംരക്ഷണം പ്രതീക്ഷിക്കരുത്. ഈഴവർക്ക് രാഷ്ട്രീയ പാർട്ടികളിൽ പോലും നിലനിൽപില്ല. പോസ്റ്റർ ഒട്ടിക്കലും പശതേക്കലുമാണ് അവർക്കുള്ളത്. ഈഴവനെ എപ്പോൾ വേണമെങ്കിലും പാർട്ടിയിൽ നിന്ന് പുറത്താക്കാം…'' എന്നും പ്രദീപ് ലാൽ പറയുന്നു. വെള്ളിയാഴ്ച നടന്ന ഗുരുദേവ ജയന്തി ഘോഷയാത്ര കമ്മിറ്റിയിലായിരുന്നു പി. പ്രദീപ് ലാൽ വിദ്വേഷ പ്രസംഗം നടത്തിയത്. കമ്മിറ്റിയിൽ പങ്കെടുത്ത ചിലരാണ് പ്രസംഗത്തിന്‍റെ വിഡിയോ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത്.