
ഇസ്ലാമാബാദ്: ക്രൂരമായ ലൈംഗീക പീഡനത്തിനിരയാക്കിയ പിതാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി 12 ഉം 15 ഉം വയസ്സുള്ള പെണ്മക്കൾ(Brutal Sexual Assault). പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം നടന്നത്. ലാഹോറിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഗുജ്രൻവാലയിൽ താമസിച്ചിരുന്ന അലി അക്ബറെ ആണ് പെണ്മക്കൾ കൊല്ലപ്പെടുത്തിയത്. സംഭവത്തിൽ അലിയുടെ പ്രായപൂർത്തിയാകാത്ത പെണ്മക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് തവണ വിവാഹം കഴിച്ച അലി അക്ബറിന് ഈ മൂന്ന് ഭാര്യമാരിലായി 10 മക്കളുണ്ട്. അക്ബറിന്റെ ആദ്യ ഭാര്യ മരിച്ചിരുന്നു. മറ്റ് ഭാര്യമാരും കുട്ടികളും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. രണ്ടാം ഭാര്യയിലെ മക്കളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. ഒരു വർഷമായി മൂത്ത കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. രണ്ടാമത്തെ മകളെ രണ്ട് തവണ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഈ വിവരങ്ങൾ മക്കൾ അറിയിച്ചിട്ടും ഇയാളെ തടയാൻ ഭാര്യമാർ തയ്യാറായില്ല. പിതാവായ അലി അക്ബർ രാത്രി ഉറങ്ങിക്കിടക്കവേ പെൺമക്കൾ ബൈക്കിൽ നിന്ന് പെട്രോൾ എടുത്ത് ഇയാളുടെ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. രണ്ട് പെൺകുട്ടികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യവേ, ലൈംഗികാതിക്രമത്തിൽ മനം നൊന്താണ് കൃത്യം നിവഹിച്ചതെന്ന് അവർ പറഞ്ഞു.