
വഡോദര: ഹാർണി പ്രദേശത്ത് വീണ്ടും ബോംബ് ഭീഷണി. ഇത്തവണ സിഗ്നസ് സ്കൂളിനാണ് ബോംബ് ഭീഷണി ഉണ്ടായത്(Bomb threat). ഇമെയിൽ വഴിയാണ് ഇന്ന് രാവിലെ വീണ്ടും ഭീഷണി സന്ദേശം ലഭിച്ചത്. "ഉമർ ഫാറൂഖ്" എന്ന പേരിലാണ് ഭീഷണി ഇമെയിലുകൾ ലഭിക്കുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി സന്ദേശമാണിത്.
സന്ദേശം ലഭിച്ചതിനെ തുടർന്ന് വഡോദര പോലീസിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ബോംബ് നിർവീര്യ സ്‌ക്വാഡും ഡോഗ് സ്ക്വാഡും മൂന്ന് മണിക്കൂറിലധികം സ്‌കൂളിൽ പരിശോധന നടത്തി. തിരച്ചിലിൽ സ്‌ഫോടകവസ്തുക്കളൊന്നും തന്നെ കണ്ടെത്താനായില്ല. അതേസമയം ആവർത്തിച്ചുള്ള ഭീഷണികൾക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സൈബർ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.