
ആഗ്ര: മഥുരയിലെ ആശുപത്രിയിൽ ബി.ജെ.പി എം.എൽ.എയുടെ ബന്ധുക്കൾ െഎ.സി.യുവിൽ കയറി ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. മഥുര ഡി.എസ് ആശുപത്രിയിലെ ജീവനക്കാരെയാണ് മന്ത് മണ്ഡലം എം.എൽ.എ രാജേഷ് ചൗധരിയുടെ ബന്ധുക്കൾ അതിക്രമിച്ചുകയറി പൊതിരെ തല്ലിയത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആശുപത്രി വസ്തുവകകളും ഒരു ജീവനക്കാരൻ്റെ മൊബൈൽ ഫോണും അക്രമികൾ തകർത്തതായി പപൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. എന്നാൽ, സംഭവത്തിൽ പൊലീസ് ഇന്നലെ രാത്രി വരെ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല.
ചൗധരിയുടെ അമ്മ ആശുപത്രി ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്നുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ഇവരെ കാണാൻ എത്തിയ സംഘം ഐ.സി.യുവിൽ ഇടിച്ചുകയറാൻ ശ്രമിച്ചത് ജീവനക്കാർ തടഞ്ഞതിനെ തുടർന്നാണ് ക്രൂരമായ മർദനം അഴിച്ചുവിട്ടത്. എം.എൽ.എയുടെ സഹോദരൻ ജിതേന്ദ്ര സിങ്, മരുമക്കളായ സഞ്ജയ് ചൗധരി, ദേവ് ചൗധരി എന്നിവർ ചേർന്ന് ജീവനക്കാരായ പ്രതാപ്, സത്യപാൽ എന്നിവരെ ആക്രമിക്കുകയായിരുന്നു. മർദനം തടയാൻ ഇടപെട്ട മറ്റ് ജീവനക്കാരെയും ആക്രമിക്കുകയും ആശുപത്രിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു.