
കൊല്ലം: വ്യത്യസ്ത ബൈക്ക് മോഷണക്കേസുകളിലെ രണ്ട് പ്രതികളെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് കഴിഞ്ഞ 10ന് മോഷ്ടിച്ച കേസിൽ തിരുവനന്തപുരം അമ്പൂരി കുടപ്പനമൂട് കണ്ണന്നൂർ ആശഭവനിൽ ജിബിൻ (18) തിരുവനന്തപുരം വലിയതുറയിൽ നിന്ന് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ റണ്ണിങ് റൂമിന് സമീപം റോഡരികിൽ പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയതായി കാണിച്ച് തങ്കശ്ശേരി സ്വദേശി 15ന് നൽകിയ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
മൂന്ന് ദിവസം മുമ്പ് റെയിൽവേ സ്റ്റേഷൻ റണ്ണിങ് റൂമിന് സമീപത്ത് നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ കടയ്ക്കൽ അണപ്പാട് ചാണപ്പാറ തോട്ടുംകര കിഴക്കതിൽ വീട്ടിൽ സുജിത്തിനെ (22) കഴിഞ്ഞദിവസം ഈസ്റ്റ് പോലീസ് പിടികൂടിയിരുന്നു. മോഷണശ്രമം ശ്രദ്ധയിൽപെട്ട നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ അറിയിച്ചെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു. നാട്ടുകാർ എടുത്ത ഫോട്ടോ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് കഴിഞ്ഞദിവസം ആശ്രാമത്തുനിന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു.