ബല്ലിയ (യു.പി): വിവാഹത്തിന് വരന്റെ വീട്ടുകാർ നൽകിയ സാരി ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി (Ballia Wedding News). ഉത്തർപ്രദേശിലെ രേവതി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പഞ്ച്‌രുഖി ദേവി ക്ഷേത്രത്തിൽ വെച്ചാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. തർക്കം രൂക്ഷമായതോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയും വധുവിന്റെ ബന്ധുക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ദലൻ ഛപ്ര സ്വദേശിനി നികിയും മഹാദൻപൂർ സ്വദേശി വിശാലും തമ്മിലുള്ള വിവാഹത്തിനിടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വരന്റെ വീട്ടുകാർ കൊണ്ടുവന്ന സാരി മോശമാണെന്നും അത് ഉടുത്ത് വിവാഹത്തിൽ പങ്കെടുക്കില്ലെന്നും വധു നിലപാടെടുത്തു. സാരിയെച്ചൊല്ലിയുള്ള തർക്കം വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിയിലുമായി. ആക്രമണത്തിൽ വധുവിന്റെ സഹോദരൻ, അമ്മ, മറ്റൊരു ബന്ധു എന്നിവർക്ക് പരിക്കേറ്റു. ഇതോടെ വിവാഹം പൂർത്തിയാക്കാതെ വരനും സംഘവും മടങ്ങിപ്പോയി.
വധുവിന്റെ പിതാവ് നൽകിയ പരാതിയിൽ വരൻ വിശാൽ, ബന്ധുക്കളായ പവൻ, മനോജ് എന്നിവരടക്കം കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുഹമ്മദ് ഫാഹിം ഖുറേഷി അറിയിച്ചു.
News Summary: A wedding in Uttar Pradesh’s Ballia district was called off after the bride refused to marry because she was unhappy with the saree gifted by the groom’s family. The incident, which took place at Panchrukhi Devi Temple, escalated into a physical brawl between both families. Several relatives of the bride were injured in the clash. Following a complaint from the bride’s father, the police have registered a case against the groom and his relatives.

