
ഫോർട്ട് കൊച്ചി: ബൈക്ക് യാത്രികനെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ ഫോർട്ട്കൊച്ചി പൊലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. (Attempted murder) മട്ടാഞ്ചേരി കൊച്ചങ്ങാടി ചിത്തുപറമ്പിൽ പുതിയ വീട്ടിൽ അൽത്താഫ്, ഫോർട്ട്കൊച്ചി തുരുത്തി സ്വദേശി ഫർസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്.
ബുധനാഴ്ച രാത്രി എട്ടോടെ ഫോർട്ട്കൊച്ചി വാട്ടർ മെട്രോ ജെട്ടിക്ക് മുൻവശമാണ് സംഭവം നടന്നത്. ജെട്ടിക്കുസമീപം പാർക്ക് ചെയ്തിരുന്ന മോട്ടോർ ബൈക്ക് എടുക്കാൻ വന്ന ഉടമയെ പ്രതികൾ ആക്രമിക്കുകയായിരുന്നു. ഈ സമയം പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരായ അഗസ്റ്റിൻ, സജി എന്നിവരോട് ബൈക്ക് യാത്രക്കാരൻ പരാതിപ്പെട്ടതോടെ രോഷാകുലനായ ഫർസാദ് കൈയിൽ കരുതിയിരുന്ന പെട്രോൾ പരാതിക്കാരനായ ബൈക്ക് ഉടമയുടെ ശരീരത്തിൽ ഒഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
പൊലീസിന്റെ തക്കസമയത്തെ ഇടപെടൽമൂലം അപകടം ഒഴിവാകുകയായിരുന്നു. തുടർന്ന് പ്രതികൾ ഇരുവരെയും പൊലീസ് ബലമായി കീഴടക്കുന്നതിനിടെ ഇവർ പൊലീസിനെ ആക്രമിച്ച് കടക്കാൻ ശ്രമിച്ചു.