
കണ്ണൂർ: പെരിങ്ങത്തൂരിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കൗണ്ടർ തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. വടകര തൂണേരി സ്വദേശി വിഘ്നേശ്വർ ആണ് പിടിയിലായത്( ATM robbery). ഡിസംബർ 25ന് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.
ഹെൽമറ്റ് ധരിച്ച് മുഖം മറച്ച യുവാവ് തൂമ്പയുമായാണ് പെരിങ്ങത്തൂരിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കൗണ്ടറിൽ എത്തിയത്. തൂമ്പ ഉപയോഗിച്ച് മെഷീനിന്റെ രണ്ട് വശത്തും കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ശ്രമം ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു. എ.ടി.എം കൗണ്ടറിനുള്ളിൽ തന്നെ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറയിൽ ഇതിന്റെ ദൃശ്യങ്ങളെല്ലാം പതിഞ്ഞിരുന്നു.
ബാങ്ക് അധികൃതർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയ പോലീസ് സംഘം വെള്ളിയാഴ്ച പ്രതിയെ പിടികൂടുകയായിരുന്നു.പ്രൊബേഷൻ എസ് .ഐ വിനീതിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സൗജിത്, തലശേരി എ.എസ്.പി സ്ക്വാഡ് അംഗങ്ങളായ രതീഷ് ലിജു, ശ്രീലാൽ ഹിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.