
കടയ്ക്കൽ: കടയ്ക്കൽ പട്ടണത്തിലെ അഞ്ച് കടകളിൽ കവർച്ച നടത്തിയ രണ്ടംഗ സംഘം പൊലീസ് പിടിയിൽ. ഇരവിപുരം വാളത്തുംഗൽ സ്വദേശികളായ അനന്തു രവി (20), സജിൽ (29) എന്നിവരാണ് ബാലരാമപുരം പൊലീസിന്റെ പിടിയിലായത്.
ബാലരാമപുരത്ത് കടകൾ കുത്തിത്തുറന്ന് നടത്തിയ മോഷണത്തിൽ നിരീക്ഷണ കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കടയ്ക്കലിൽ നടത്തിയ മോഷണങ്ങളും തെളിഞ്ഞത്. കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വ്യാഴാഴ്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സെപ്റ്റംബർ മൂന്നിനാണ് ടൗണിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള അഞ്ച് കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയത്. തുണിക്കടയിലും ഹോട്ടലിലും രണ്ട് കോഴിക്കടയിലും പച്ചക്കറികടയിലുമാണ് മോഷണം നടത്തിയത്. തുണിക്കടയിൽ നിന്നും 50,000 രൂപയും ഹോട്ടലിൽ നിന്ന് 10,000 രൂപയും കോഴിക്കടകളിലും പച്ചകറികടകളിലും നിന്ന് മേശവലിപ്പിലുണ്ടായിരുന്ന പണവുമാണ് കവർന്നത്. കഴിഞ്ഞ മാർച്ചിൽ കടയ്ക്കൽ പള്ളിമുക്കിലെ ബേക്കറി കുത്തിത്തുറന്ന് പ്രതികൾ മോഷണം നടത്തിയിരുന്നു.