
ബംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയിൽ ഗണേശോത്സവ പന്തലിനടുത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരിയെ അയൽവാസി തട്ടിക്കൊണ്ടുപോയി. കുട്ടിയുടെ പിതാവിന്റെയും നാട്ടുകാരുടെയും പൊലീസിന്റെയും സമയോചിത ഇടപെടലിലൂടെ ഒരു മണിക്കൂറിനകംതന്നെ കുട്ടിയെ രക്ഷപ്പെടുത്താൻ സാധിച്ചു. വായയും കൈകാലുകളും കെട്ടിയിട്ട നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷം എച്ച്. ദർശൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവിനോടൊപ്പം ഉത്സവ പന്തലിലെത്തിയ കുട്ടിയെ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. ഇതിനിടെ കുട്ടിയുടെ പിതാവിന് അജ്ഞാത നമ്പറിൽനിന്ന് പണമാവശ്യപ്പെട്ട് വിളിയെത്തി. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പ്രതിയെ പിതാവ് തിരിച്ചറിഞ്ഞതോടെ പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിതാവ് മരിച്ച ദർശന് രണ്ടര ലക്ഷം രൂപ കടമുണ്ടെന്നും ഇതിനെത്തുടർന്നാണ് തട്ടിപ്പിനിറങ്ങിയതെന്നും പൊലീസ് പറഞ്ഞു.