
കോഴഞ്ചേരി: ആധാർ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്ന് ഭയപ്പെടുത്തി വീട്ടമ്മയിൽ നിന്നും 50 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ രണ്ടു യുവതികളെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊളത്തറ സ്വദേശികളായ കുന്നത്ത് കരുന്തയിൽ വീട്ടിൽ പി. പ്രജിത (41), കൊളത്തറ താഴംചേരില്‍ വീട്ടിൽ ഷാനൗസി (35) എന്നിവരെയാണ് കോഴിക്കോട് നിന്ന് കോയിപ്രം പൊലീസ് പിടികൂടിയത്. വീട്ടമ്മയുടെ ആധാർ കാർഡ് ഉപയോഗിച്ച് ക്രിമിനലുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയെടുത്തത്.
വെണ്ണിക്കുളം വെള്ളാറ മലയിൽ പറമ്പിൽ വീട്ടിൽ സാം തോമസിന്റെ ഭാര്യ ശാന്തി സാം (56) ആണ് തട്ടിപ്പിനിരയായത്. ഈ വർഷം ജൂൺ 19 മുതൽ ജൂലൈ എട്ടുവരെയുള്ള കാലയളവിലാണ് ഇവർക്ക് 50 ലക്ഷത്തോളം രൂപ നഷ്ടമായത്.