
കോഴിക്കോട്: വടകരയിലെ സ്വർണ്ണത്തട്ടിപ്പ് കേസിൽ നഷ്ടപ്പെട്ട 26 കിലോ സ്വർണ്ണത്തിൽ നാലര കിലോ കണ്ടെത്തി. ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർ മധ ജയകുമാർ കവർന്ന സ്വർണ്ണമാണ് കണ്ടെത്തിയിരിക്കുന്നത്.
സ്വർണ്ണം കണ്ടെത്തിയത് തമിഴ്നാട് തിരുപ്പൂരിലെ ഡി ബി എസ് ബാങ്ക് ശാഖയിൽ നിന്നാണ്. ഇയാൾ സ്വർണ്ണം പണയം വച്ചത് ഇവിടെയാണ്. പ്രതി സ്വർണ്ണം പണയം വച്ചത് ഡി ബി എസ് ബാങ്കിൽ ജോലി ചെയ്യുന്ന കാർത്തി എന്നയാളുമായി ചേർന്നാണ്. മധ ജയകുമാർ കാർത്തിയുടെ സുഹൃത്താണ്.
ഇനി കണ്ടെത്താനുള്ളത് 21.5 കിലോ സ്വർണ്ണമാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്. പ്രതിയെ തമിഴ്‌നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. ഇയാൾ മോഷ്ടിച്ച പണം ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിങ്ങിനായാണ്. പ്രതിയുടെ ഭാര്യയും ട്രേഡിങ്ങിൽ പങ്കാളിയാണ്. കഴിഞ്ഞ ദിവസം മധ ജയകുമാറിനെ പിടികൂടിയത് തെലങ്കാനയിൽ നിന്നാണ്.