വാരാണസി: പുണ്യനദിയായ ഗംഗയിൽ ബോട്ടിലിരുന്ന് ഇഫ്താർ വിരുന്ന് നടത്തുകയും ഭക്ഷണാവശിഷ്ടങ്ങൾ നദിയിലേക്ക് എറിയുകയും ചെയ്ത സംഭവത്തിൽ ഉത്തർപ്രദേശിൽ 14 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നാരോപിച്ചാണ് ചൊവ്വാഴ്ച ഇവരെ പിടികൂടിയത്. ഗംഗാ നദിയിൽ ഇവർ വിരുന്ന് നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.(14 arrested for holding iftar party on boat, disposing of biryani waste in Ganga)
ബിജെപി യുവമോർച്ച അധ്യക്ഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാരാണസിയിലെ കോട്‌വാലി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന ആയിരക്കണക്കിന് ഭക്തരുടെ വികാരം വ്രണപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുണ്യനദിയിൽ വച്ച് ചിക്കൻ ബിരിയാണി കഴിക്കുകയും അതിന്റെ അവശിഷ്ടങ്ങൾ നദിയിൽ ഒഴുക്കുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസേന ആയിരക്കണക്കിന് ആളുകൾ പ്രാർത്ഥനയ്ക്കായി എത്തുന്ന ഇടത്താണ് ഈ പ്രവൃത്തി നടന്നത് എന്നത് ഗൗരവകരമാണെന്ന് അധികൃതർ വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെയും (BNS) മറ്റ് പ്രത്യേക നിയമങ്ങളിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

