
തലശ്ശേരി: വ്യാജ ഇന്ത്യന്‍ കറന്‍സി കൈവശംവെക്കുകയും വിനിമയം നടത്താൻ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും 25,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. (Fake Note Case) ഒന്നാം പ്രതി തളിപ്പറമ്പ് ചെര്‍ക്കള വേളാപുരത്ത് കരയില്‍ വി.കെ. ഉബൈസ് (44), രണ്ടാം പ്രതി തളിപ്പറമ്പ് ഞാറ്റുവയൽ ചപ്പന്‍ ഹൗസില്‍ സി.എച്ച്. സിറാജ് (37) എന്നിവരെയാണ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോര്‍ജ് ശിക്ഷിച്ചത്. 489 (ബി), 489 (സി) വകുപ്പുകൾ പ്രകാരമാണ് പ്രതികളെ അഞ്ച് വർഷം വീതം കഠിന തടവുകൾക്ക് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.
2009 ജൂലൈ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാജ കറന്‍സി ഉപയോഗിച്ച് വിനിമയം നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ കണ്ണൂർ ടൗൺ സി.ഐ ആയിരുന്ന പി.പി. സദാനന്ദൻ കണ്ണൂർ താവക്കരയിലുള്ള ശക്തി ശ്രീലക്ഷ്മി ലക്കി ടോണ്‍ എന്ന സ്ഥാപനത്തില്‍ വെച്ചാണ് ഒന്നാം പ്രതി ഉബൈസിനെ 3,000 രൂപയുടെ വ്യാജ കറന്‍സി സഹിതം പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉബൈസിന്റെ തളിപ്പറമ്പിലെ താമസസ്ഥലത്തു വെച്ച് രണ്ടാം പ്രതിയായ സി.എച്ച്. സിറാജിനെ പിടികൂടിയത്. 34,000 രൂപയുടെ വ്യാജ കറന്‍സിയും ഇയാളില്‍നിന്ന് കണ്ടെത്തി.