
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ ക്യാമ്പസ് ജോബ് രജിസ്ട്രേഷൻ ഡ്രൈവിന് തുടക്കമായി ( Mega Job Fair ). പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജിൽ സംഘടിപ്പിച്ച ജോബ് ഡ്രൈവ് എച്ച് സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മയെന്ന പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുന്ന വലിയൊരു ക്യാമ്പയിനാണ് വിജ്ഞാന ആലപ്പുഴയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ സംബന്ധിച്ചും ആലപ്പുഴയെ സംബന്ധിച്ചും ഒരു പ്രധാന പദ്ധതി കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാപഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കുകയാണ്. ഒരു വലിയ വിഭാഗം ജനങ്ങൾക്ക് ജോലി ഉറപ്പുവരുത്താനും അതിലേറെ വരുന്ന വിദ്യാർവിദ്യാർഥികൾക്കും ചെറുപ്പക്കാർക്കും ജോലിയിലേക്ക് എത്താൻ കഴിയുന്ന സ്കിൽ ഡെവലപ്മെൻറ് നൽകാനും പദ്ധതിയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥിയിൽ നിന്ന് തൊഴിൽമേളയിലേക്കുള്ള ആദ്യ ആപ്ലിക്കേഷനും എം.എൽ.എ. ചടങ്ങിൽ ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എസ് താഹ അധ്യക്ഷനായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, ജില്ല പഞ്ചായത്തംഗങ്ങളായ പി അഞ്ചു, ആർ റിയാസ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ജി സൈറസ്, വൈസ് പ്രസിഡൻ്റ് സുധർമ്മ ഭുവനചന്ദ്രൻ, പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ റവ.ഫാ. ജെയിംസ് ദേവസ്യ സി.എം.ഐ, വിജ്ഞാന ആലപ്പുഴ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സി കെ ഷിബു, കെ ഡിസ്ക് ഫാക്കൽറ്റി പ്രിൻസ് എബ്രഹാം, കെ കെ ഇ എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാനി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് പി വി വിനോദ്, കോളേജ് പ്ലേസ്മെന്റ് ഓഫീസർ ശ്രീജി ശ്രീനിവാസ്, സി.ഐ.ഐ പ്ലേസ്മെൻ്റ് കോർഡിനേറ്റർ അൽവിൻ സി റോയ്, ഫസ്റ്റ് സോളാർ കമ്പനി പ്രതിനിധികൾ, കോളേജ് അധ്യാപകർ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.
ആദ്യ ക്യാമ്പസ് രജിസ്ട്രേഷൻ ഡ്രൈവിൽ 73 പേർ പങ്കെടുത്തു
ഫെബ്രുവരി 15 ന് ആലപ്പുഴ എസ് ഡി കോളേജിലാണ് വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നത്.ഇതിന് മുന്നോടിയായി നടന്ന ആദ്യ ക്യാമ്പസ് രജിസ്ട്രേഷൻ ഡ്രൈവിൽ പുന്നപ്ര കാർമൽ പോളിടെക്നിക്, ചേർത്തല ഗവ. പോളിടെക്നിക് എന്നീ കോളേജുകളിലെ 73 വിദ്യാർഥികൾ പങ്കെടുത്തു. അന്താരാഷ്ട്ര സോളാർ പാനൽ നിർമ്മാണ കമ്പനിയായ ഫസ്റ്റ് സോളാർ (എഫ് എസ് ഇന്ത്യ സോളാർ വെഞ്ച്വർസ് പ്രൈവറ്റ് ലിമിറ്റഡ്) കമ്പനിയുടെ ചെന്നൈ പ്ലാന്റിലേക്കുള്ള മുപ്പത് അപ്പ്രെന്റിസ്ഷിപ് ഒഴിവുകളിലേക്കാണ് രജിസ്ട്രേഷൻ ഡ്രൈവ് നടന്നത്. ഡിപ്ലോമ മെക്കാനിക്കൽ/ഇലക്ട്രിക്കൽ / ഇ സി /മെക്കട്രോണിക്ക്സ്/ ഇൻസ്ട്രുമെൻ്റേഷൻ എന്നീ കോഴ്സുകൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളും പാസ്സായവരും പങ്കെടുത്തു. വരും ദിവസങ്ങളിൽ മറ്റു കോളേജുകളിലും രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കും.