
നൈപുണ്യ വികസനം നേടിയവർക്ക് ജർമ്മനിയടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ അവസരങ്ങളുടെ പെരുമഴയാണെന്ന് കണ്ണൂരിൽ സംസ്ഥാന നൈപുണ്യ വികസന മിഷനും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും (കെയ്‌സ്) ജില്ലാ ഭരണകൂടവും ജില്ലാ സ്‌കിൽ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച ഉച്ചകോടി ചൂണ്ടിക്കാട്ടി (Skill development). വിദേശത്ത് വൻതോതിൽ അവസരങ്ങൾ ലഭ്യമാവുമ്പോൾ വിദ്യാർഥികൾ അതിന് അനുസരിച്ച രീതിയിൽ നൈപുണ്യ വികസനം നേടണം. വിവിധ തൊഴിൽ മേഖലകളിൽ പ്രസക്തരായി നിലനിൽക്കാൻ നൈപുണ്യ വികസനം അനിവാര്യമാണ്. നൈപുണ്യ വികസനം രണ്ടാംകിടയായ ഒന്നല്ല. അതിനോടുള്ള തൊട്ടുകൂടായ്മ അവസാനിപ്പിക്കണം. 2030ഓലെ ലോകത്താകമാനം നോക്കിയാൽ അധികമായി മാനുഷിക വിഭവശേഷി ഉള്ള ഒരോയൊരു രാജ്യം ഇന്ത്യയാവും എന്ന് ഐഎൽഒ പറയുന്നു. അതായത് ലോകത്ത് അഞ്ച് നിയമനം നടന്നാൽ അതിൽ മൂന്നെണ്ണം ഇന്ത്യയിലാവും. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള നമ്മളും വിദ്യാർഥികളും തയ്യാറെടുക്കണമെന്നും ഉച്ചകോടി അഭിപ്രായപ്പെട്ടു.
പുതിയതെരു മാഗ്‌നറ്റ് ഹോട്ടലിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നൈപുണ്യ വികസനത്തിനുള്ള അവസരം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ച് വിവിധ വ്യാവസായിക മേഖലകളിൽ ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് തൊഴിലന്വേഷകരെ പ്രാപ്തമാക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ അധ്യക്ഷയായി.
ജില്ലയിലെ നൈപുണ്യ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് നടന്ന ഉച്ചകോടിയിൽ കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികൾ, നൈപുണ്യ വികസന പ്രോജെക്ടുകൾ സമർപ്പിക്കുന്നത്തിനുള്ള മാർഗരേഖകൾ, അത് വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് സെഷനുകൾ നടത്തി .
വിദഗ്ധ പരിശീലകർ, പൊതു സ്വകാര്യ മേഖലകളിലെ ചെറുതും വലുതുമായ പരിശീലന സ്ഥാപനങ്ങൾ, വ്യാവസായിക മേഖലകളിൽ നിന്നുള്ള വിദഗ്ധർ, നൈപുണ്യ പരിശീലനം ഏറ്റെടുത്തു നടപ്പിലാക്കുന്ന വിവിധ സർക്കാർ വകുപ്പുകൾ എന്നിവർ പങ്കെടുത്തു.
തലശ്ശേരി സബ്ബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, അസി. കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ, ജില്ലാ പ്ലാനിങ്ങ് ഓഫീസർ നെനോജ് മേപ്പടിയത്ത്, കെയ്സ് സിഒഒ ടി വി വിനോദ്, കെയ്സ് ജില്ലാ സ്‌കിൽ കോർഡിനേറ്റർ വി ജെ വിജേഷ്, തലശ്ശേരി എൻടിടിഎഫ് പ്രിൻസിപ്പൽ ആർ അയ്യപ്പൻ എന്നിവർ സംസാരിച്ചു.