ഡിപ്ലോസ് മാക്സ് പുറത്തിറക്കി ന്യൂമെറോസ് മോട്ടോഴ്സ് | Numeros Motors

ഡിപ്ലോസ് മാക്സ് പുറത്തിറക്കി ന്യൂമെറോസ് മോട്ടോഴ്സ് | Numeros Motors

Published on

കൊച്ചി: തദ്ദേശീയ വൈദ്യുത വാഹനങ്ങളില്‍ വൈദഗ്ധ്യം നേടിയ ഒറിജിനല്‍ എക്വിപ്മെന്‍റ് മാനുഫാക്ച്ചറര്‍ കമ്പനിയായ ന്യൂമെറോസ് മോട്ടോഴ്സ് മള്‍ട്ടിപര്‍പ്പസ് ഇ-സ്കൂട്ടറായ ഡിപ്ലോസ് മാക്സ് അവതരിപ്പിച്ചു (Numeros Motors). ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025ലാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്. ഇതോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ ബൈക്ക്-സ്കൂട്ടര്‍ ക്രോസ്ഓവര്‍ പ്ലാറ്റ്ഫോമും കമ്പനി അനാവരണം ചെയ്തിട്ടുണ്ട്.

ഒരു കുടുംബത്തിന് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഡിപ്ലോസ് മാക്സിന്‍റെ രൂപകല്‍പന. നൂതന എഞ്ചിനീയറിങ് ഉപയോഗിച്ച് നിര്‍മിച്ച ഡിപ്ലോസ് പ്ലാറ്റ്ഫോം ഇതിനകം 13.9 ദശലക്ഷത്തിലധികം കിലോമീറ്ററുകള്‍ ഉള്‍ക്കൊള്ളുന്ന വിവിധ ഭൂപ്രദേശങ്ങളില്‍ അസാധാരണമായ പ്രകടനം ഉറപ്പാക്കിയിട്ടുണ്ട്. 3-4 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാവും. 63 കിലോമീറ്റര്‍ ഉയര്‍ന്ന വേഗതക്കൊപ്പം, 140 കിലോമീറ്റര്‍ ഐഡിസി റേഞ്ചും ഡിപ്ലോസ് മാക്സ് നല്‍കുന്നു. സുരക്ഷ, വിശ്വാസ്യത, ദൃഢത എന്നീ മൂന്ന് തത്വങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഡിപ്ലോസ് മാക്സ് എത്തുന്നത്.

മികച്ച സുരക്ഷക്കായി ഡ്യുവല്‍ ഡിസ്ക് ബ്രേക്കുകള്‍, എല്‍ഇഡി ലൈറ്റിങ്, തെഫ്റ്റ് അലേര്‍ട്ട്, ജിയോഫെന്‍സിങ്, വെഹിക്കിള്‍ ട്രാക്കിങ് തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുസ്ഥിരമായ ദീര്‍ഘകാല പ്രകടനം മുന്നില്‍ കണ്ടാണ് വാഹനത്തിലെ ചേസിസ്, ബാറ്ററി, മോട്ടോര്‍, കണ്‍ട്രോളര്‍ തുടങ്ങിയവ രൂപകല്‍പന ചെയ്തിരിക്കുന്നത്. കരുത്തുറ്റ ചതുരാകൃതിയിലുള്ള ചേസിസും, വീതിയേറിയ ടയറുകളും മികച്ച ഗ്രിപ്പും ദീര്‍ഘകാല ഉപയോഗവും ഉറപ്പാക്കും. 16 ഇഞ്ച് ടയറുകള്‍ ഏത് റോഡ് സാഹചര്യങ്ങളിലും മികച്ച യാത്രാ സൗകര്യം നല്‍കുന്നു.

സുരക്ഷിതവും വിശ്വസനീയവും മോടിയുള്ളതുമായ ഒരു ഇന്ത്യന്‍ നിര്‍മിത വാഹനം വിതരണം ചെയ്യുന്നതിലൂടെ തങ്ങളുടെ ഉപയോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ന്യൂമെറോസ് മോട്ടോഴ്സിന്‍റെ സ്ഥാപകനും സിഇഒയുമായ ശ്രേയസ് ഷിബുലാല്‍ പറഞ്ഞു. നവീകരണത്തിനും സുരക്ഷയ്ക്കുമുള്ള തങ്ങളുടെ സമര്‍പ്പണമാണ് ഡിപ്ലോസ് പ്ലാറ്റ്ഫോം. നഗരഗതാഗതത്തിന്‍റെ ഭാവി പുനര്‍നിര്‍വചിക്കുന്നതിന് പ്രായോഗിക രൂപകല്‍പനയുമായി നൂതന സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെ ഈ അവതരണം അടിവരയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചുവപ്പ്, നീല, വെളുപ്പ് എന്നീ നിറങ്ങളില്‍ ഡിപ്ലോസ് മാക്സ് ലഭ്യമാവും. നിലവില്‍ 14 നഗരങ്ങളിലാണ് ന്യൂമെറോസ് മോട്ടോഴ്സിന്‍റെ പ്രവര്‍ത്തനം. 2025-26 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തോടെ 170 ഡീലര്‍മാരെ ഉള്‍പ്പെടുത്താന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. പിഎം ഇ-ഡ്രൈവ് സ്കീം ഉള്‍പ്പെടെ 1,09,999 രൂപയാണ് ബെംഗളൂരു എക്സ്ഷോറൂം വില.

Times Kerala
timeskerala.com