
ചെന്നൈ: അടുത്തിടെ പരിശീലനത്തിനിടെയുണ്ടായ അപകടത്തെ തുടർന്ന് നടൻ അജിത് കുമാർ ദുബായ് 24 എച്ച് കാർ റേസിൽ നിന്ന് പിന്മാറി (Ajith's Exit from Dubai Car Race).
"ദുബായ് 24 എച്ച് സീരീസിനായുള്ള പരിശീലനത്തിനിടെ അജിത് കുമാറിന് ഉണ്ടായ അപകടത്തിൻ്റെ ആഘാതം അന്വേഷിച്ചു. ഈ റേസ് ഫോർമാറ്റ് വളരെ കഠിനമാണ്. കൂടാതെ, ഒരു നീണ്ട സീസണിന് മുമ്പുള്ള വെല്ലുവിളികൾ ടീം പരിഗണിച്ചു. ടീമിൻ്റെ ഉടമ എന്ന നിലയിലും അംഗമെന്ന നിലയിലും അജിത് കുമാറിൻ്റെ ക്ഷേമത്തിനും ടീമുകളുടെ മൊത്തത്തിലുള്ള വിജയത്തിനുമാണ് മുൻഗണന. വിപുലമായ കൂടിയാലോചനകൾക്ക് ശേഷമാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്"- എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട്, അദ്ദേഹത്തിൻ്റെ ടീം മാനേജ്‌മെൻ്റ് പ്രസ്താവനയിൽ വ്യക്തമാക്കിയത്.
ഏറെ നാളത്തെ ആലോചനകൾക്ക് ശേഷമാണ് അജിത് കുമാറിനെ ദുബായ് 24 എച്ച് റേസിൽ നിന്ന് പിൻവലിക്കാൻ തീരുമാനമായത്. തൻ്റെ വ്യക്തിപരമായ അഭിലാഷങ്ങളേക്കാൾ ടീമിൻ്റെ താൽപ്പര്യങ്ങൾക്ക് മുൻതൂക്കം നൽകാനുള്ള അദ്ദേഹത്തിൻ്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് ഈ തീരുമാനം അടിവരയിടുന്നു- എന്നും പ്രസ്താവനയിൽ പറയുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബായിലാണ് ചാമ്പ്യൻഷിപ്പ് കാർ റേസ് നടക്കുന്നത്. നടൻ അജിത് കുമാർ പരിശീലനത്തിൽ പങ്കെടുത്തു. മത്സരത്തിന് മുന്നോടിയായുള്ള കാർ റേസ് പരിശീലനത്തിനിടെ അപ്രതീക്ഷിതമായി അജിത്കുമാർ ഓടിച്ച റേസ് കാർ അപകടത്തിൽ പെടുകയായിരുന്നു. ഇതിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു. എന്നാൽ കാറിലുണ്ടായിരുന്ന അജിത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു എന്നതാണ് ശ്രദ്ധേയം.