

തിരുവനന്തപുരം: കലയുടെ തലസ്ഥാനമായ തൃശൂർ നേടിയിരിക്കുന്നത് കൗമാരകലയുടെ കനകക്കിരീടമാണ്. ഫോട്ടോഫിനിഷിലാണ് ഈ നേട്ടം. തൃശൂർ പാലക്കാടിനെ മറികടന്നത് ഒരൊറ്റ പോയിൻറ് വ്യത്യാസത്തിലാണ്. തൃശൂർ 1008 പോയിൻറോടെയും പാലക്കാട് 1007 പോയിൻറോടെയും നിന്നു.(Kerala State School Kalolsavam 2024-25 )
ഇരുടീമുകളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 482 പോയിൻറുകളുമായി ഒരേ പാതയിലാണ്. അവിടെയും തൃശൂരിൻ്റെ രക്ഷയ്‌ക്കെത്തിയ ഹയർസെക്കണ്ടറിക്കാർ 526 പോയിൻറ് നേടി. പാലക്കാടിന് 525 പോയിൻറാണുള്ളത്.
കാൽനൂറ്റാണ്ടിന് ശേഷമാണ് തൃശൂർ ഈ നേട്ടത്തിലേക്ക് തിരികെയെത്തുന്നത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ കണ്ണൂരിന് 1003 പോയിൻറുമായി മൂന്നാം സ്ഥാനത്ത് നിൽക്കേണ്ടി വന്നു. കോഴിക്കടിന് നാലാം സ്ഥാനമാണ്. ഇവർക്ക് 1000 പോയിൻറാണുള്ളത്.
ആലത്തൂര്‍ ബി.എസ്. ജി.ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ ഒന്നാമതും, തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറിയാണ് രണ്ടാമതും, ഇടുക്കി എം.കെ. എന്‍.എം.എച്ച്.എസ് സ്‌കൂൾ മൂന്നാമതുമാണ്.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്. വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങിൽ ടോവിനോ തോമസ്, ആസിഫ് അലി എന്നിവർ മുഖ്യാതിഥികൾ ആകും. അതോടൊപ്പം സ്വര്‍ണക്കപ്പ് രൂപകൽപ്പന ചെയ്തിട്ടുള്ള ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെയും, 2 പതിറ്റാണ്ടുകളായി കലോത്സവ പാചകത്തിനു നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെയും സമാപനച്ചടങ്ങിൽ ആദരിക്കും.