
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി മത്സരഫലം ചോദ്യംചെയ്ത് കുമരകം ടൗണ്‍ ബോട്ട് ക്ലബ്(Nehru trophy boat race 2024). തങ്ങള്‍ തയാറാകും മുമ്പ് ഏകപക്ഷീയമായി മത്സരം തുടങ്ങിയെന്നും അതിനാലാണ് ഒന്നാംസ്ഥാനം നഷ്ടമായതെന്നും മൂന്നാം സ്ഥാനക്കാരായ ടൗണ്‍ ബോട്ട് ക്ലബ് ഭാരവാഹികള്‍ ആരോപിച്ചു. മത്സരം റദ്ദാക്കുകയോ ആദ്യ മൂന്നു സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ചു ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കി.
ഫൈനല്‍ മത്സരം തുടങ്ങുമ്പോള്‍ തങ്ങളുടെ ട്രാക്കിനരികിലേക്ക് ഒഫിഷ്യല്‍സിൻ്റെ സ്പീഡ് ബോട്ട് കയറിവന്നു. ട്രാക്കിനോട് ചേര്‍ന്ന് ബോട്ട് നിര്‍ത്തിയിട്ടതിനാല്‍ തങ്ങള്‍ തയാറായില്ലെന്ന് അറിയിക്കാന്‍ വെള്ളത്തില്‍നിന്നു തുഴ ഉയര്‍ത്തിപ്പിടിച്ചു. എന്നാല്‍, അത് ശ്രദ്ധിക്കാതെ മത്സരം സ്റ്റാര്‍ട്ട് പറഞ്ഞു. ഇതോടെ മത്സരിക്കാതെ തരമില്ലെന്നായി. ഈ ആശയക്കുഴപ്പത്തില്‍ സെക്കന്‍ഡുകള്‍ വൈകിയാണു തുഴച്ചില്‍ ആരംഭിച്ചത്. അവസാനസമയത്ത് സെക്കന്‍ഡുകള്‍ പിറകിലായതും ഇതുകൊണ്ടാണ്.
മത്സരത്തിൻ്റെ അവസാനം തങ്ങളാണു ജയിച്ചതെന്നു കരുതി തുഴച്ചിലുകാര്‍ എഴുന്നേറ്റതും വള്ളം മറിഞ്ഞു. വീയപുരത്തിൻ്റെ വള്ളവും ഇത്തരത്തില്‍ മറിഞ്ഞു. വെള്ളത്തില്‍ വീണ തുഴച്ചിലുകാരെ രക്ഷിച്ച ശേഷം കരയിലെത്തുമ്പോഴേക്കും വിജയികളെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് പരാതി ഉന്നയിക്കാന്‍ കഴിഞ്ഞില്ല. സാധാരണ മത്സരം തുടങ്ങുന്നതിനുമുമ്പ് ഓരോ വള്ളങ്ങളുടെയും പേര് വിളിച്ചു തയാറാണോ എന്നു ചോദിക്കാറുണ്ട്. ഹീറ്റ്‌സില്‍ അതു ചെയ്തിരുന്നു. എന്നാല്‍ ഫൈനലില്‍ ചെയ്തില്ല. ഏകപക്ഷീയമായി മത്സരം തുടങ്ങിയത് അനീതിയാണെന്നും ക്ലബ് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ശനിയാഴ്ച ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരം കഴിഞ്ഞയുടനെ നെഹ്‌റു പവിലിയൻ്റെ മുന്‍വശം വെള്ളത്തില്‍കിട് ഇരുവിഭാഗം ഏറ്റുമുട്ടി. മൂന്നുപേരെ പത്തംഗസംഘം വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുള്ളപ്പോഴായിരുന്നു കൈയാങ്കളി. അടിപിടി തുടര്‍ന്നെങ്കിലും വെള്ളത്തിലായതിനാല്‍ ആദ്യം പോലീസിനു പിടിച്ചുമാറ്റാന്‍ പറ്റിയില്ല. പിന്നീട്, സ്പീഡ് ബോട്ടിലെത്തിയ പോലീസുകാര്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവര്‍ നീന്തി രക്ഷപ്പെട്ടു. മര്‍ദനമേറ്റവരെ പോലീസ് ആശുപത്രിയിലെത്തിച്ചു.