

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച പാലക്കാട് ശേഖരീപുരം സ്വദേശി ശ്രീദീപ് വൽസൻ്റെ മൃതദേഹം സംസ്കരിച്ചു. ശ്രീദീപ് വത്സനെ അവസാനമായി ഒന്ന് കാണാൻ വേണ്ടി നൂറുകണക്കിന് ആളുകളായിരുന്നു പാലക്കാട് ശേഖരീപുരത്തെ ശ്രീവിഹാർ വീട്ടിൽ എത്തിയത്. വൈകിട്ട് 4.45 ഓടെയായിരുന്നു ശ്രീദീപിൻ്റെ മൃതദേഹം ജന്മനാട്ടിൽ കൊണ്ടുവന്നത്.
ശേഖരീപുരത്തെ വീട്ടിൽ ശ്രീദീപിൻ്റെ മൃതദേഹം കൊണ്ടുവന്നപ്പോൾ അച്ഛനും അമ്മയും വിങ്ങിപ്പൊട്ടി. ശ്രീദീപിനെ ഒടുവിലായി ഒരുനോക്ക് കാണാനായി ഒട്ടേറെ സഹപാഠികളും സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും വീട്ടുമുറ്റത്ത് തടിച്ചു കൂടിയിരുന്നു. ശ്രീദീപിൻ്റെ ചേതനയറ്റ ശരീരം കണ്ട് കണ്ണീരോടെ അവരും തങ്ങളുടെ പ്രിയ സുഹൃത്തിന് അന്ത്യയാത്രയോതി.